ക്രൂശിതൻ
യാത്രക്കിടയിൽ നൈനാൻ അവനെ കണ്ടു. കുരിശും പേറി ലോകം താണ്ടുന്നവൻ. അവനെ കണ്ടതും നൈനാൻ അവനോടു ചോദിച്ചു, “ഒരിക്കൽ നീ കുരിശിൽ മരിച്ചതല്ലേ പിന്നെ വീണ്ടും നീ കുരിശുമായി എവിടേക്കാണ്?”
“ഞാൻ കുരിശിൽ ഒരിക്കൽ മരിച്ചവൻ തന്നെ. പക്ഷെ ഞാൻ ഉയിർത്തെഴുന്നേറ്റവനാണ്...
വീണ്ടും വീണ്ടും കുരിശുമായി ജനതകളുടെ ഇടയിലൂടെ ഞാൻ കടന്നുപോകുന്നുണ്ട്, പക്ഷെ ആരും
എന്നെ കാണുന്നില്ല."
ക്രൂശിതൻ തുടർന്നു, “ഇതിനു മുമ്പ് ഞാൻ ഇതിലൂടെ കടന്നു
പോയപ്പോൾ ഇത് ഒരു യുദ്ധ ഭൂമി ആയിരുന്നു. ഇന്ന് മനുഷ്യരോ, ജീവജാലങ്ങളോ ഇവിടെയില്ല.
പരസ്പരം കടിച്ചുകീറി തങ്ങൾ പടുത്തുയർത്തിയ അംബരചുംബികൾ
സ്വയം തച്ചുടച്ച് ഭൂമിയെ അവർ ഒരു മണലാരണ്യം ആക്കി. പരസ്പരം കൊന്ന് കൂട്ടസ്മശാനങ്ങളിൽ
അന്തിയുറങ്ങുന്ന അവരുടെ മുകളിലൂടെ ആണല്ലോ ഞാൻ ഇപ്പോൾ നടക്കേണ്ടത്.
കുരിശു മരണത്തിലൂടെ ഞാൻ നേടികൊടുത്ത രക്ഷ സ്വന്തമാക്കാൻ
സാധിക്കാത്ത അവർ എൻറെ ഈ കടന്നു പോകലിൽ നിത്യരക്ഷ എങ്കിലും പ്രാപിക്കുമല്ലോ എന്ന ആശ്വാസത്തോടെയാണ്
ഞാൻ വീണ്ടും യാത്ര ചെയ്‌യുന്നത്.”
“ഈ വഴിയിലൂടെയുള്ള എന്റെ കഴിഞ്ഞ യാത്രയിലൂടെ നിന്നെയും
ഞാൻ കൊണ്ടുപോകട്ടെയോ.” ക്രൂശിതൻ നൈനാനോട് ചോദിച്ചു. നൈനാൻ സമ്മതമെന്ന രീതിയിൽ തലയാട്ടി.
കുരിശും പേറി അവൻ അദൃശ്യനായി നടന്നു. നൈനാനും അവനെ അനുഗമിച്ചു.
നൈനാനല്ലാതെ മറ്റാർക്കും അവനെ കാണാൻ സാധിച്ചിരുന്നില്ല. നൂറ്റാണ്ടുകളായുള്ള യാത്ര.
കുരിശിൻറെ ഭാരമോ ശത്രുക്കളുടെ പരിഹാസമോ, അടിയോ അവൻ ഗൗനിച്ചില്ല.
അവയൊന്നും തന്നെ അവനെ വേദനിപ്പിച്ചില്ല.
പക്ഷേ ജനതകളെ സംരക്ഷിക്കേണ്ട നേതാക്കൾ ചേരിതിരിഞ്ഞ് ഗൂഢാലോചന
നടത്തി പരസ്പരം ആക്രമിക്കാൻ പദ്ധതികൾ തയ്യാറാക്കുന്നത് കണ്ടപ്പോൾ അവൻറെ ഹൃദയവും മനസ്സും
അവർണനീയമായ വേദനയിൽ മുങ്ങി.
പിലാത്തോസ് അവനെ മരണത്തിനു വിട്ടുകൊടുത്തപ്പോൾ പോലും
ഇത്രയും ഭയാനകമായ വേദന അവൻ അനുഭവിച്ചില്ല.
യുദ്ധ ഭൂമിയിലൂടെ ഭീകരത അവനെ ഭയപ്പെടുത്തി. തകർന്ന കെട്ടിടങ്ങളും,
വീഥികളും. അവയ്ക്കിടയിൽ ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങളും. വീടുകളിലും ബങ്കറുകളിലും
ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിയുന്ന സ്ത്രീകളും കുട്ടികളും.
അവരുടെ ഭർത്താക്കന്മാരും, പ്രായപൂർത്തി ആയ മക്കളും ശത്രുവിനെതിരെ
യുദ്ധമുഖത്ത് ആണ്. അവരൊക്കെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അവർക്ക് അറിയില്ല.
ഏതു നിമിഷവും മുകളിലൂടെ തങ്ങളെ നശിപ്പിക്കാനുള്ള ബോംബുമായി
പറക്കുന്ന വിമാനങ്ങൾ വരുന്നുണ്ടോ എന്ന് അവർ ഇടയ്ക്കിടെ ജനൽ പാളികളിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ട്.
മൃതശരീരങ്ങൾ തട്ടിയിട്ട് അവന് മുന്നോട്ട് നടക്കാൻ സാധ്യമായിരുന്നില്ല.
മൃതശരീരങ്ങളിൽ തട്ടി പലയിടത്തും അവൻ കുരിശുമായി വീണു.
അവൻ ശാന്തിയും സമാധാനവും നൽകി രക്ഷിക്കാൻ ശ്രമിച്ചിട്ടും,
ശാന്തിയും സമാധാനവും അനുഭവിക്കാതെ പൊലിഞ്ഞ ജീവിതങ്ങളുടെ നടുവിൽ ആണല്ലോ എന്നുള്ള ചിന്ത
അവൻറെ മനസ്സിനും ശരീരത്തിനും നൽകിയ വേദന കാൽവരി യാത്രയിൽ അവൻ അനുഭവിച്ചതിലും തീവ്രമായിരുന്നു.
മുറിവേറ്റു പാതി ജീവനോടെ ചിതറിക്കിടക്കുന്ന മനുഷ്യരെ
സഹായിക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല. പാതി ജീവനുള്ള മനുഷ്യരുടെ ഞരക്കങ്ങൾക്കിടയിലൂടെ
കുരിശുമായി അവൻ മുന്നോട്ടു നീങ്ങി.
ചോര വാർന്നു മരിക്കാറായി കിടക്കുന്ന മക്കളുടെ അടുത്തേക്ക്
നെഞ്ചുപൊട്ടുന്ന വിലപോത്തോടെ ആർത്തുവിളിച്ചുകൊണ്ട് അവരുടെ അമ്മമാർ ഓടി വരുന്നത് കണ്ടു
നിൽക്കാൻ അവന് ആകുമായിരുന്നില്ല. ....
No comments:
Post a Comment